കോട്ടയം: ഒല ഇലക്ട്രിക് ഇരുചക്ര വാഹന ഉടമകള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. എല്ലാ സര്‍വീസ് സെന്ററുകളും ഉടന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുക, സ്പെയര്‍ പാര്‍ട്സ് ക്ഷാമം അടിയന്തരമായി പരിഹരിക്കുക, സര്‍വീസ് സെന്ററുകളില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഉടന്‍ റിപ്പയര്‍ ചെയ്ത് കൈമാറുക, വാഹനങ്ങള്‍ കേടായ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഉപഭോക്തൃ കേന്ദ്രിതമായി ഇലക്ട്രിക്കല്‍ വെഹിക്കിള്‍ പോളിസി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗാന്ധി സ്ക്വയറില്‍നിന്നു സ്കൂട്ടറുകള് തള്ളി നടത്തിയ മാര്‍ച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഒല കമ്പനിക്ക് സര്‍വീസ് ഉറപ്പാക്കാനുള്ള ബാധ്യതയുണ്ടെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഒല ബയേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഇ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.
സുരേഷ് കുറുപ്പ്, ഡോ. സെലിന് ഫിലിപ്പ്, മിനി കെ. ഫിലിപ്പ്, ഫാ. ജോണ്‍സ് ഏബ്രഹാം, നിതില്‍, സെക്രട്ടറി അഭിലാഷ് ചെമ്പകശേരി, ജോയിന്റ് സെക്രട്ടറി വി. അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനുശേഷം കളക്ടര്‍ക്കും ആര്‍ടിഒയ്ക്കും നിവേദനം നല്കി.
മാര്‍ച്ചിന് റ്റിജിന്‍ മാത്യു, റീബു തോമസ്, ജോളിച്ചന്‍ കോട്ടക്കല്‍, അജി വര്‍ഗീസ്, എം.വി. അനീഷ്, കെ.ആര്. രതീഷ്, വിപിന്‍ വൈക്കം, വി. ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്കി.